Darul Ifta Kauzariyya

ഹറാമിലേക്ക് പോകാൻ ഞങ്ങൾക്ക് താൽപര്യമില്ലാത്തതിനാലും, അവൾക്ക് ഉപ്പയില്ലാത്തതിനാലും, സഹോദരന്റെ സാന്നിധ്യത്തിൽ നിക്കാഹ് നടത്താൻ ഞാൻ സന്നദ്ധനായി

Qu-Id: A99981
Madhab: Shafii
Date: 14-09-2026
Question:

അസ്സലാമു അലൈക്കും,

എന്റെ പേര് ഹാഫിസ്. സ്വദേശം മലപ്പുറം. നിലവിൽ സൗദിയിലാണ്. വിവാഹിതനാണ്. ഞാൻ നാട്ടിൽവച്ച് ഒരു പത്തനംതിട്ടക്കാരിയായ, വിവാഹമോചിതയായ, പാവപ്പെട്ട സ്ത്രീയുമായി പരിചയപ്പെടാൻ ഇടയായി. അങ്ങനെ തുടങ്ങിയ സൗഹൃദത്തിനിടയിൽ, അവൾ തുണയില്ലാതെ ജീവിക്കുന്നതിന്റെ പ്രയാസങ്ങൾ അറിയുകയും, എന്നോട് ജീവിതപങ്കാളിയായി നിൽക്കാനുള്ള താൽപര്യം അവൾ അറിയിക്കുകയും ചെയ്തു.

ഹറാമിലേക്ക് പോകാൻ ഞങ്ങൾക്ക് താൽപര്യമില്ലാത്തതിനാലും, അവൾക്ക് ഉപ്പയില്ലാത്തതിനാലും, സഹോദരന്റെ സാന്നിധ്യത്തിൽ നിക്കാഹ് നടത്താൻ ഞാൻ സന്നദ്ധനായി. എന്നാൽ, കുടുംബം അവളെ സംരക്ഷിക്കാത്തതിനാൽ, അവൾ മലപ്പുറത്ത് വന്ന് ജോലി ചെയ്ത് ജീവിക്കുകയാണ്. കുടുംബത്തിലുള്ള ഏക സഹോദരനോ മറ്റുള്ളവരോ വലിയ്യിന്റെ സ്ഥാനത്തുനിന്ന് നിക്കാഹ് നടത്തിത്തരാൻ സമ്മതിക്കുന്നുമില്ല. മഹല്ല് ജമാഅത്തും ഇല്ല.

അവളുടെ ആഗ്രഹം ഹറാമിലേക്ക് പോകാതെ ഒരു പുരുഷനോടൊപ്പം ജീവിക്കുക എന്നത് മാത്രമാണ്. എന്നാൽ വലിയ്യ് നിക്കാഹ് നടത്തിത്തരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ, വലിയ്യിന്റെ അഭാവത്തിൽ ഞങ്ങൾക്ക് നിക്കാഹ് നടത്താൻ കർമ്മശാസ്ത്രപരമായി എന്തെങ്കിലും മാർഗമുണ്ടോ?


Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ വിവാഹം വലിയ്യ് നിർവഹിച്ചുകൊടുക്കുന്നതാണ് ഉത്തമം. എന്നാൽ, ഹനഫി മദ്ഹബ് പ്രകാരം, വലിയ്യിന്റെ അനുവാദമോ അംഗീകാരമോ ഇല്ലാതെയും അവൾക്ക് സ്വയം വിവാഹത്തിൽ ഏർപ്പെടുന്നത് അനുവദനീയമാണ്. അതുപോലെ, തനിക്കുവേണ്ടി വിവാഹം നടത്തിക്കൊടുക്കുന്നതിനായി അവൾ മറ്റൊരാളെ വക്കീലായി ഏൽപ്പിക്കുകയും, ഏൽപ്പിക്കപ്പെട്ട വ്യക്തിക്ക് സാക്ഷികളുടെ സാന്നിധ്യത്തിൽ അവളുടെ നിക്കാഹ് നടത്തിക്കൊടുക്കുകയും ചെയ്യാവുന്നതാണ്.

 

 *ഷാഫിഈ മദ്ഹബ് പ്രകാരം* 👇

 

പ്രസ്തുത സ്ത്രീയുടെ വലിയ്യ് (രക്ഷാധികാരി) ആയ സഹോദരൻ നിക്കാഹ് നടത്താൻ വിസമ്മതിക്കുകയാണെങ്കിൽ, താങ്കൾ നാട്ടിലെ ഖാളിയെ സമീപിക്കുകയും അദ്ദേഹത്തെ കാര്യം ബോധിപ്പിക്കുകയും ചെയ്യുകഅങ്ങനെ, ഖാളി ആവശ്യപ്പെട്ടിട്ടും സഹോദരൻ വിസമ്മതിക്കുന്ന പക്ഷം, നിങ്ങൾ തമ്മിലുള്ള നിക്കാഹ് നടത്തിത്തരാൻ ഖാളിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

والله أعلم بالصواب
Written by: Mufti Haris
Checked & Approved by: Admin
Published by: Admin